Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Wild Animals

Palakkad

ആ​ന ഉ​ൾ​പ്പെ​ടെ​യു​ള്ള വന്യമൃ​ഗ​ശ​ല്യം അ​തിരൂ​ക്ഷം;​ അ​നാ​ഥ​മാ​യി മ​ല​യോ​രമേ​ഖ​ല​യി​ലെ വീ​ടു​ക​ൾ

ഫ്രാൻസിസ് തയ്യൂർ

വ​ട​ക്ക​ഞ്ചേ​രി: ആ​ന ഉ​ൾ​പ്പെ​ടെ​യു​ള്ള വന്യമൃ​ഗഭീ​ഷ​ണി​യി​ൽ മ​ല​യോ​ര​ങ്ങ​ൾ ആ​ളൊ​ഴി​ഞ്ഞ പ്ര​ദേ​ശ​ങ്ങ​ളാ​യി. നാ​ല​ഞ്ചുവ​ർ​ഷം മു​മ്പു​വ​രെ വി​ള​ക​ൾ നി​റ​ഞ്ഞു​നി​ന്നി​രു​ന്ന മ​ല​യോ​ര​ത്തെ കാ​ഴ്ച ഇ​പ്പോ​ൾ ഹൃ​ദ​യ​ഭേ​ദ​ക​മാ​ണ്. എ​ല്ലാം ഉ​ണ​ങ്ങിന​ശി​ച്ച് കോ​ലം​കെ​ട്ട മ​ട്ടി​ലാ​ണ് കൃ​ഷി​യി​ട​ങ്ങ​ൾ. ക​ർ​ഷ​ക​രു​ടെ രോ​ഷ​പ്ര​ക​ട​ന​ങ്ങ​ളാ​ണ് പ​ല​യി​ട​ത്തും. ആ​ൾ​പ്പാ​ർ​പ്പി​ല്ലാ​തെ ത​ക​രു​ന്ന വീ​ടു​ക​ളും മൂ​ക​ത​യു​മാ​ണ് എ​വി​ടെയും ദൃ​ശ്യ​മാ​കു​ന്ന​ത്.

കാ​ട്ടു​മൃ​ഗ​ങ്ങ​ളി​ൽനി​ന്നു ജീ​വ​ന്‍റെ സു​ര​ക്ഷ തേ​ടി മ​റ്റു സ്ഥ​ല​ങ്ങ​ളി​ലേ​ക്ക് താ​മ​സംമാ​റു​ക​യാ​ണ് നാ​ടി​നെ തീ​റ്റി​പ്പോ​റ്റി​യി​രു​ന്ന ക​ർ​ഷ​ക​രെ​ല്ലാം. പ​തി​റ്റാ​ണ്ടു​ക​ളേ​റെ അ​ധ്വാ​നി​ച്ചു​ണ്ടാ​ക്കി​യ​തെ​ല്ലാം ന​ഷ്ട​പ്പെ​ടു​ത്തി ജീ​വി​ത​മാ​ർ​ഗ​മി​ല്ലാ​തെ ദു​രി​ത​ക്ക​യ​ങ്ങ​ളി​ലേ​ക്കു നീ​ങ്ങു​മ്പോ​ഴും സ​ർ​ക്കാ​ർ സം​വി​ധാ​ന​ങ്ങ​ൾ നോ​ക്കു​കു​ത്തി​യാ​യി നി​ൽ​ക്കു​ന്നു. സ​ഹാ​യ​ങ്ങ​ൾ വേ​ണ്ട, ഉ​പ​ദ്ര​വി​ക്കാ​തി​രു​ന്നാ​ൽ മ​തി​യെ​ന്നാ​ണ് ക​ർ​ഷ​ക​രു​ടെ ആ​ത്മ​ഗ​തം.

കാ​ട്ടു​മൃ​ഗ​ങ്ങ​ളെ കാ​ട്ടി​ൽത​ന്നെ സം​ര​ക്ഷി​ക്കാ​ൻ ന​ട​പ​ടി സ്വീ​ക​രി​ക്കാ​തെ ക​ർ​ഷ​ക​രെ​യും അ​വ​രു​ടെ വി​ള​ക​ളും ന​ശി​പ്പി​ക്കാ​ൻ വ​ന്യ​മൃ​ഗ​ങ്ങ​ൾ​ക്കു വ​ഴി​യൊ​രു​ക്കു​ക​യാ​ണ് വ​നം​വ​കു​പ്പും. മേ​ഖ​ല​യി​ൽ കി​ഴ​ക്ക​ഞ്ചേ​രി പ​ഞ്ചാ​യ​ത്തി​ലാ​ണ് മൃ​ഗ​ശ​ല്യം അ​തി​രൂ​ക്ഷ​മാ​യി​ട്ടു​ള്ള​ത്. പ​ന​ങ്കു​റ്റി, ക​ര​ടി​യ​ള, പോ​ത്തു​ചാ​ടി, ഓ​ടം​തോ​ട്, ച​ട​ച്ചി​ക്കു​ന്ന്, ചൂ​രു​പ്പാ​റ, മ​ണ്ണെ​ണ്ണ ക്ക​യം, വി​ആ​ർ​ടി തു​ട​ങ്ങി മ​ല​യോ​ര​മേ​ഖ​ല പൂ​ർ​ണ​മാ​യും വ​ന്യ​മൃ​ഗ​ങ്ങ​ളു​ടെ താ​വ​ള​ങ്ങ​ളാ​യി മാ​റി. ആ​ന, പു​ലി, ക​ടു​വ, പ​ന്നി, മാ​ൻ, മ​യി​ൽ, കു​ര​ങ്ങ്, മ​ല​യ​ണ്ണാ​ൻ, മു​ള്ള​ൻ​പ​ന്നി ഉ​ൾ​പ്പെ​ടെ​യു​ള്ള കാ​ട്ടു​മൃ​ഗ​ങ്ങ​ളെ​ല്ലാം കൃ​ഷി​യി​ട​ങ്ങ​ളി​ലും ക​ർ​ഷ​ക​രു​ടെ വീ​ടു​ക​ൾ​ക്കു ചു​റ്റു​മാ​ണ്.

മു​മ്പൊ​ന്നും ഇ​ല്ലാ​ത്ത​വി​ധം കു​ര​ങ്ങുകൂ​ട്ട​ങ്ങ​ളാ​ണ് ക​ർ​ഷ​ക​ർ​ക്ക് മ​റ്റൊ​രു വ​ലി​യ ഭീ​ഷ​ണി​യാ​യി മാ​റു​ന്ന​ത്. അ​മ്പ​തും നൂ​റും എ​ണ്ണംവ​രു​ന്ന കൂ​ട്ട​ങ്ങ​ളാ​ണ് കൃ​ഷി​യി​ട​ത്തി​ലെ​ത്തി എ​ല്ലാം ന​ശി​പ്പി​ക്കു​ന്ന​ത്‌. ഇ​തി​നാ​ൽ മ​ല​യോ​ര​പ്ര​ദേ​ശ​ങ്ങ​ളി​ൽ ത​രി​ശി​ടു​ന്ന ഭൂ​മി​യു​ടെ വി​സ്തൃ​തി ഓ​രോ വ​ർ​ഷ​വും വ​ർ​ധി​ച്ചു. ആ​ന​യെ പേ​ടി​ച്ച് വീ​ടു​ക​ളി​ൽ താ​മ​സ​ക്കാ​രി​ല്ല. പ​രി​ച​ര​ണ​മി​ല്ലാ​തെ വ​നാ​തി​ർ​ത്തി​ക​ളോ​ടു ചേ​ർ​ന്നുകി​ട​ക്കു​ന്ന ഏ​ക്ക​ർ​ക​ണ​ക്കി​ന് വ​രു​ന്ന തോ​ട്ട​ങ്ങ​ളു​മു​ണ്ട്. ഏ​തു കൃ​ഷി ചെ​യ്താ​ലും അ​തെ​ല്ലാം കാ​ട്ടു​മൃ​ഗ​ങ്ങ​ൾ ഇ​റ​ങ്ങി ന​ശി​പ്പി​ക്കും. ഇ​നി എ​ന്തുചെ​യ്യു​മെ​ന്ന സ​ങ്ക​ട​ങ്ങ​ൾ ക​ർ​ഷ​ക​ർ പ​ങ്കു​വ​യ്ക്കു​ന്നു. പ​ട്ടി​ണി മാ​റ്റാ​ൻ സ്വ​ന്തം നാ​ട് ഉ​പേ​ക്ഷി​ച്ച്‌ മ​ണ്ണി​ൽ അ​ധ്വാ​നി​ച്ച് നാ​ടി​ന്‍റെ ഭ​ക്ഷ്യ സു​ര​ക്ഷ ഉ​റ​പ്പാ​ക്കി​യ ക​ർ​ഷ​ക​ർ ഇ​ന്നു ജീ​വി​ത​മാ​ർ​ഗ​മി​ല്ലാ​തെ മ​ല​യി​റ​ങ്ങു​ന്ന സ്ഥി​തി​യാ​യി.

ചൂ​രു​പ്പാ​റ​യി​ൽ

മം​ഗ​ലം​ഡാ​മി​ന്‍റെ മ​ല​യോ​ര മേ​ഖ​ല​യാ​യ ചൂ​രു​പ്പാ​റ, മ​ണ്ണെ​ണ്ണ​ക്ക​യം പ്ര​ദേ​ശ​ത്ത് ഇ​പ്പോ​ൾ താ​മ​സ​മു​ള്ള വീ​ടു​ക​ൾ വി​ര​ലി​ലെ​ണ്ണാ​വു​ന്ന​വ​യാ​യി കു​റ​ഞ്ഞെ​ന്ന് അ​ര​നൂ​റ്റാ​ണ്ടുകാ​ലം ചൂ​രു​പ്പാ​റ​യി​ലെ താ​മ​സ​ക്കാ​ര​നാ​യ ചി​റ​യ​ത്ത് ജോ​സ് പ​റ​ഞ്ഞു.

അ​റു​പ​തി​ലേ​റെ കു​ടും​ബ​ങ്ങ​ൾ ഉ​ണ്ടാ​യി​രു​ന്ന​ത് 15 ൽ താ​ഴെ​യാ​യി. ആ​ന​യെ പേ​ടി​ച്ച് എ​ല്ലാ​വ​രുംത​ന്നെ താ​മ​സം മാ​റി. കൃ​ഷി​യി​ട​ത്തി​നു ചു​റ്റും സ്വ​ന്ത​മാ​യി ഫെ​ൻ​സിം​ഗ് ചെ​യ്യാ​ൻ സാ​മ്പ​ത്തി​ക​ശേ​ഷി ഉ​ള്ള​വ​ർ​ക്കുമാ​ത്ര​മാ​ണ് പി​ടി​ച്ചു​നി​ൽ​ക്കാ​നാ​കു​ക. പ​ക​ൽ​സ​മ​യം ക​ർ​ഷ​ക​ർ കൃ​ഷി​യി​ട​ത്തി​ൽ എ​ത്തി തി​രി​ച്ചു പോ​കും. ക​ഴി​ഞ്ഞദി​വ​സ​വും മ​ണ്ണെ​ണ്ണക്ക​യ​ത്ത് ആ​ന​ക്കൂ​ട്ട​മെ​ത്തി എ​ല്ലാം ന​ശി​പ്പി​ച്ചു. വെ​ളി​ച്ചം, റോ​ഡ് എ​ന്നി​വ ഇ​വി​ടെ പ​രി​മി​ത​മാ​ണ്. ര​ണ്ടും മൂ​ന്നും ചാ​യ​ക്ക​ട​ക​ളും പ​ല​ച​ര​ക്കു​ക​ട​ക​ളും ഉ​ണ്ടാ​യി​രു​ന്ന ചൂ​രു​പ്പാ​റ സെ​ന്‍റ​റി​ൽ ഇ​പ്പോ​ൾ ഒ​ന്നു​മി​ല്ല. വ​ഴി ചോ​ദി​ക്കാ​ൻ‌പോ​ലും വ​ഴി​ക​ളി​ൽ ആ​ളി​ല്ല. 2007, 2018, 2019 എ​ന്നീ വ​ർ​ഷ​ങ്ങ​ളി​ലെ അ​തി​വ​ർ​ഷ​വും പ്ര​കൃ​തി​ക്ഷോ​ഭ​വും മ​ല​യോ​വാ​സി​ക​ളെ പേ​ടി​പ്പി​ച്ചി​രു​ന്നു.

ഓ​ടം​തോ​ട്ടി​ൽ

ഓ​ടം​തോ​ടി​ന്‍റെ പ​ഴ​യ പ്ര​താ​പ​വും ഇ​ന്നി​ല്ല. യാ​ത്ര​ക്കാ​ർ തി​ങ്ങിനി​റ​ഞ്ഞ് ഓ​ടി​യി​രു​ന്ന ബ​സി​ൽ യാ​ത്ര​ക്കാ​രി​ല്ലാ​താ​യി. ക​ട​ക​ളോ വ​ലി​യ ആ​ൾ​ക്കൂട്ട​മോ ദൃ​ശ്യ​മ​ല്ല. പ​രാ​തി പ​റ​യാ​ൻപോ​ലും ആ​ളി​ല്ല. എ​ല്ലാം ന​ഷ്ട​പ്പെ​ടു​ന്ന​തി​ന്‍റെ വേ​ദ​ന​യാ​ണ് ക​ർ​ഷ​ക​ർ​ക്കു​ള്ള​ത്. മ​റ്റു മൃ​ഗ​ങ്ങ​ൾ​പോ​ലെ പു​ലി​യും പെ​രു​കു​ക​യാ​ണ്. ഇ​പ്പോ​ൾ ക​ടു​വ കൂ​ടി​യാ​യ​പ്പോ​ൾ പു​റ​ത്തി​റ​ങ്ങാ​ൻ ഭ​യ​ക്കു​ന്ന സാ​ഹ​ച​ര്യ​മാ​യി.

ക​ടു​വ​യെ കു​ടു​ക്കാ​ൻ കെ​ണി​ക്കൂ​ട് സ്ഥാ​പി​ച്ചി​ട്ടു​ള​ള ച​ട​ച്ചി​ക്കു​ന്നി​ലെ താ​മ​സ​ക്കാ​ര​നാ​യി​രു​ന്ന ചെ​ങ്ങ​നാ​നി​ക്ക​ൽ തോ​മ​സും കു​ടും​ബ​വും ആ​ന​യെ പേ​ടി​ച്ചാ​ണ് വീ​ടും കൃ​ഷി​യി​ട​വും വി​ട്ടു പോ​യ​ത്. സ്ഥ​ലം വ​നം​വ​കു​പ്പി​നു ന​ൽ​കാ​ൻ അ​പേ​ക്ഷ ന​ൽ​കി കാ​ല​മേ​റെ​യാ​യി​ട്ടും ന​ഷ്ട​പ​രി​ഹാ​രം ല​ഭി​ച്ചി​ട്ടി​ല്ല. ഫ​ണ്ടി​ല്ലെ​ന്നാ​ണ് വ​നം​വ​കു​പ്പ് പ​റ​യു​ന്ന​തെ​ന്ന് തോ​മ​സ് പ​റ​ഞ്ഞു.

എ​ത്ര ഏ​ക്ക​ർ ഭൂ​മി​യു​ണ്ടെ​ങ്കി​ലും 15 ല​ക്ഷം രൂ​പ​യാ​ണ് ന​ഷ്ട​പ​രി​ഹാ​രം ല​ഭി​ക്കു​ക. തോ​മ​സി​ന്‍റെ വീ​ടു​പോ​ലെ പ്ര​ദേ​ശ​ത്ത് വേ​റെ​യും നി​ര​വ​ധി ആ​ളൊ​ഴി​ഞ്ഞ വീ​ടു​ക​ളു​ണ്ട്.

പ​നം​കു​റ്റി​യി​ൽ

പ​നം​കു​റ്റി, ക​ര​ടി​യ​ള ഭാ​ഗ​ത്തും സ​മാ​നസ്ഥി​തി​യാ​ണ്. ആ​ന​യെ പേ​ടി​ച്ചാ​ണ് ഈ ​പ​ലാ​യ​നം. ഇ​ന്ന​ലെയും പ​നം​കു​റ്റി​യി​ൽ ആ​ന​യെ​ത്തി. പ​തി​വു​പോ​ലെ ചെ​റു​നി​ലം ജോ​ണിയുടെ കൃ​ഷി​യി​ട​ത്തി​ലെ വി​ള​ക​ൾ ത​ന്നെ​യാ​ണ് കൂ​ടു​ത​ലും ന​ശി​പ്പി​ച്ച​ത്. 75 പി​ന്നി​ട്ട ജോ​ണിയുടെ കൃ​ഷി​യി​ട​ത്തി​ൽ ആ​ന​ക​ൾ എ​ത്ര ത​വ​ണ​യെ​ത്തി എ​ന്ന​തി​നു പോ​ലും ക​ണ​ക്കി​ല്ല.​

ശേ​ഷി​ച്ച വി​ള​ക​ൾകൂ​ടി ന​ശി​പ്പി​ക്കാ​നാ​ണ് ആ​ന​ക​ളെ​ത്തു​ന്ന​തെ​ന്ന് ബ​ന്ധു​വാ​യ ചെ​റു​നി​ലം ബി​ജു പ​റ​ഞ്ഞു. ആ​ന​യെ പേ​ടി​ച്ചാ​ണ് ബി​ജു​വും കു​ടും​ബ​വും കൃ​ഷിയി​ട​ത്തി​ലെ താ​മ​സം മാ​റ്റി താ​ഴെ​യാ​ക്കി​യ​ത്.

ആ​റു വ​ർ​ഷം പ്രാ​യ​മാ​യ 120 തെ​ങ്ങു​ക​ൾ ആ​ന​ക​ൾ ന​ശി​പ്പി​ച്ച​തി​ന്‍റെ സ​ങ്ക​ട​ക​ഥ വ​ലി​യ​പ​റമ്പി​ൽ ബി​ജു​വി​നും പ​റ​യാ​നു​ണ്ട്.

Latest News

Up